ഭാഗ്യശാലി അജ്ഞാതയായി തുടരും; 25 കോടി രൂപയുടെ വിജയി മാധ്യമങ്ങളെ കാണില്ല

news image
Oct 5, 2025, 3:15 pm GMT+0000 payyolionline.in

കൊച്ചി: ഓണം ബമ്പറിലെ സസ്‌പെന്‍സ് നീളുകയാണ്. ആരാണ് ലോട്ടറിയിലൂടെ ഭാഗ്യശാലിയായതെന്നറിയാന്‍ കേരളം കാത്തിരിക്കുകയാണ്. എന്നാല്‍ 25 കോടി ബമ്പറടിച്ചയാള്‍ മാധ്യമങ്ങളെ കാണില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. വിജയി എന്ന് കരുതുന്ന ആള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും നെട്ടൂര്‍ സ്വദേശിയായ വനിതയ്ക്കാണ് ലോട്ടറി അടിച്ചത് എന്നാണ് തന്റെ അനുമാനമെന്നും ഏജന്റ് ലതീഷ് പറഞ്ഞു.

തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്കാണെന്നും അവര്‍ രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും ഏജന്റ് ലതീഷ് നേരത്തെ പറഞ്ഞിരുന്നു. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്നും ഏജന്റ് പറഞ്ഞു. മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്പര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും.

ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe