ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ ഉയർത്തി, ജാഗ്രത വേണമെന്ന് അധികൃതർ

news image
May 21, 2024, 4:48 am GMT+0000 payyolionline.in

പാലക്കാട്: ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരണത്തിനായി 50 സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പരമാവധി മൂന്നര മീറ്റർ സംഭരണ ശേഷിയുള്ള തടയണയിൽ 3.15 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ചങ്ങണാംകുന്ന് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത ഉണ്ടെന്നും പുഴയിലിറങ്ങുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും മഴ ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം, മുന്നറിയിപ്പുണ്ടെങ്കിലും രാവിലെ പല ജില്ലകളിലും കാര്യമായ മഴയില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദമായി മാറാൻ സാധ്യത ഉണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe