ദില്ലി: ഭാരത് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
അതേസമയം, ഭാരത് വിവാദത്തിലൂടെ ദേശീയത ഉയർത്തി വോട്ട് നേടാനുള്ള നീക്കം ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജി20 പ്രതിനിധികൾക്ക് നല്കിയ കാർഡുകളിലും ഭാരത് എന്ന് രേഖപ്പെടുത്തി. ഭരണഘടന അംഗീകരിച്ച വാക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സര്‍ക്കാര്‍ ന്യായീകരിച്ചപ്പോൾ ബിജെപി വിഭജനത്തിന് ശ്രമിക്കുന്നു എന്ന് പ്രതിക്ഷം തിരിച്ചടിച്ചു.
പ്രസിഡന്റ് ഓഫ് ഭാരത്, പ്രൈമിനിസ്റ്റര്‍ ഓഫ് ഭാരത് ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക രേഖകളിലെല്ലാം ഭാരത് പ്രയോഗം സര്‍ക്കാര്‍ വ്യാപകമാക്കി കഴിഞ്ഞു. ജി 20 ന്റെ പ്രതിനിധി കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഭാരത് ഒഫീഷ്യല്‍സ് എന്നാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പുല്‍വാമ സംഭവം ദേശീയതക്ക് വിഷയമായെങ്കില്‍ ഇതേ വികാരം ഉണര്‍ത്താന്‍ സര്‍ക്കാര്‍ ഇക്കുറി ഭാരതിനെ ആയുധമാക്കുകയാണ്. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ച് ഹിന്ദുത്വ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ഭാരത് ചര്‍ച്ചയും സജീവമാക്കുന്നത്. മണിപ്പൂര്‍ കലാപം, അദാനി വിഷയം, വിലക്കയറ്റം ഇവയൊക്കെ തിരിച്ചടിയാകുമ്പോള്‍ പുതിയ ചര്‍ച്ച ഉയര്‍ത്തി പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുക കൂടിയാണ് സര്‍ക്കാര്‍. ഭാരത് എന്ന പ്രയോഗം നൂറ്റാണ്ടുക്കള്‍ക്ക് മുന്‍പേയുള്ളതാണെന്നും, പ്രതിപക്ഷം ഭരണഘടന വായിച്ച് നോക്കണമെന്നും വിദേശകാര്യമന്ത്രി എസ് ജയ് ശങ്കര്‍ പ്രതികരിച്ചു.
പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്നാക്കിയാല്‍ ബുദ്ധിശൂന്യമായ കളി സര്‍ക്കാര്‍ നിര്‍ത്തിക്കൊള്ളുമെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന പേരിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭാരത് പ്രയോഗം തുടങ്ങിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ തന്ത്രമാണെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു. ബിജെപി മന്ത്രിമാർ ഭാരത് പ്രയോഗം സജീവമാക്കിയതിനു ശേഷം സംഘപരിവാർ വക്താക്കൾ പിന്തുണയുമായെത്തിയത് ആർഎസ്എസ് ഇടപെടലിൻറെയും സൂചനയായി. തെരഞ്ഞെടുപ്പ് വിജയത്തിന് ദേശീയതയടക്കം പ്രീണന നയങ്ങളിലേക്ക് മടങ്ങാനുള്ള നീക്കങ്ങൾ ജി20 കഴിയുന്നതോടെ ശക്തമാക്കാനാണ് സാധ്യത.