ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കും; പ്രഖ്യാപനവുമായി അഖിലേഷ് യാദവ്

news image
Feb 22, 2024, 1:40 pm GMT+0000 payyolionline.in

ലക്നൗ∙ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി സമാജ്‍വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ച ഇന്നലെ പൂർത്തിയാക്കിയതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ ഇന്നത്തെ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. യാത്ര ആഗ്രയിൽ എത്തുമ്പോൾ അഖിലേഷ് യാദവ് പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യാ സഖ്യത്തിൽ സമാജ്‍വാദി പാർട്ടി 63 സീറ്റിലും കോൺഗ്രസ് 17 സീറ്റിലുമാകും ഉത്തർപ്രദേശിൽ മത്സരിക്കുക.

‘‘സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പലതവണ ഞങ്ങൾ ചർച്ച നടത്തി. പല ലിസ്റ്റുകളും അങ്ങോട്ടും ഇങ്ങോട്ടും കൈമാറി. സീറ്റു വിഭജനം ഇപ്പോൾ‌ പൂർത്തിയായിരിക്കുകയാണ്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്‍വാദി പാർട്ടി പങ്കെടുക്കും’’ –അഖിലേഷ് യാദവ് പറഞ്ഞു. നിതീഷ് കുമാർ മുന്നണി വിട്ടുപോയതടക്കം പല പ്രശ്നങ്ങൾ നേരിടുന്ന കോൺഗ്രസിനെ സംബന്ധിച്ച് അഖിലേഷ് യാത്രയിൽ അണിചേരുന്നത് ആശ്വാസകരമായ വാർത്തയാണ്.

ഉത്തർപ്രദേശിനു പിന്നാലെ ആം ആദ്മി പാർട്ടിയുമായി കോണ്‍ഗ്രസ് ഡൽഹിയിൽ സീറ്റു വിഭജന ചർച്ച പൂർത്തിയാക്കിയിരുന്നു. എഎപി നാലു സീറ്റിലും കോൺഗ്രസ് മൂന്നു സീറ്റിലുമാകും മത്സരിക്കുക. മറ്റു സംസ്ഥാനങ്ങളിലെ സീറ്റു വിഭജനം ചർച്ച ചെയ്യാൻ സമാജ്‍വാദി പാർട്ടി നേതാക്കളും കോൺഗ്രസ് നേതാക്കളും തമ്മിൽ തമ്മിലുള്ള ചർച്ച കെ.സി.വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe