കാസർകോട്: ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവും അതേ മുറിയിൽ ജീവനൊടുക്കി. കാസർകോട് പരപ്പ കൊട്ടമടലിലെ പവിത്രൻ (58) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14-നാണ് പവിത്രന്റെ ഭാര്യ ഗീത വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭാര്യയുടെ വേർപാടിന് ശേഷം പവിത്രൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പവിത്രനെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മാസം മുൻപ് ഗീത ജീവനൊടുക്കിയ അതേ മുറിയിലാണ് പവിത്രനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരണകാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
നേരത്തെ പ്രവാസിയായിരുന്ന പവിത്രൻ നാട്ടിൽ തിരിച്ചെത്തിയ ശേഷം റബ്ബർ വെട്ട് ജോലികൾ ചെയ്തുവരികയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ നടക്കും. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്..
