പ്യോങ്‌യാങ് : ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് വ്യാഴാഴ്ച രാവിലെയാണ് മിസൈൽ വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തതെന്നാണ് വിവരം.
മിസൈൽ വിക്ഷേപണത്തിൽ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പ്രതികരണവുമായെത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്യോങ്‌യാങിനു സമീപത്ത് നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ഇന്ന് വിക്ഷേപിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ വിക്ഷപിച്ചവയെക്കോളും കൂടുതൽ ദൂരം മിസൈൽ പറന്നതായും 7000 കിലോമീറ്റർ ഉയരത്തിൽവരെ മിസൈൽ എത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സാങ്കേതികവിദ്യയിൽ ഉത്തരകൊറിയ കൈവരിച്ച പുരോഗതിയുടെ ഭാഗമാണ് ഈ പരീക്ഷണം എന്നും അധികൃതർ വ്യക്തമാക്കി.