ചെന്നൈ: കഴിഞ്ഞ ദിവസം തമിഴകം ഉറക്കമുണര്‍ന്നത് തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്കാണ്. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം. പതിനാറുകാരിയായ മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട് പെണ്മക്കളാണ് വിജയ് ആന്റണി ഫാത്തിമ ദമ്പതികള്‍ക്ക്. അതില്‍ മൂത്തയാളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ മീര.
പോസ്റ്റ്മോര്‍ട്ടം അടക്കം നടത്തി കഴിഞ്ഞ ദിവസം വൈകീട്ടാണ് മീരയുടെ ശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വിജയ് ആന്റണിക്ക് ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും വിജയ് ആന്റണിയുടെ വീട്ടില്‍ എത്തിയിരുന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. മകളുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും ഇറക്കിയതില്‍ വിജയ് ആന്റണിയും ചേര്‍ന്നു. പുറത്ത് നിന്ന മാധ്യമങ്ങളുടെ ക്യാമറകണ്ണില്‍ പെടാതിരിക്കാന്‍ വെളുത്ത തൂവാലയാല്‍ മകളുടെ മുഖം അംബുലന്‍സില്‍ മറച്ചുപിടിച്ചിരുന്നു വിജയ് ആന്റണി.
പിന്നീട് മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന വിജയ് ആന്റണിയുടെ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ചിമ്പു അടക്കമുള്ളവര്‍ വിജയ് ആന്റണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നടൻ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖർ, ഉദയനിധി സ്റ്റാലിൻ, കാർത്തി തുടങ്ങിയ ചെന്നൈയില്‍ ഉണ്ടായിരുന്നു തമിഴ് സിനിമ ലോകത്തെ പ്രമുഖര്‍ എല്ലാം വിജയ് ആന്റണിയെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.
അതേ സമയം പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മീരയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മീരയുടെ റൂമില്‍ പൊലീസ് ഫോറന്‍സിക് പരിശോധനയും നടത്തി. കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികില്‍സ തേടുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ രോഗാവസ്ഥ കാരണമായിരിക്കാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.
അടുത്ത് തന്നെ വിജയ് ആന്റണിയുടെയും ഭാര്യയുടെയും മൊഴി പൊലീസ് എടുത്തേക്കും. മീരയുടെ ക്ലാസിലെ കുട്ടികളുടെ അടക്കം മൊഴിയും പൊലീസ് രേഖപ്പെടുത്തിയേക്കും.