മകൻ കാറുമായി ടൂർ പോയി; ഗതാഗത നിയമം ലംഘിച്ചതിന് ‘പരിവാഹൻ സൈറ്റി’ൽ നിന്ന് സന്ദേശം, നഷ്ടമായത് 95000 രൂപ

news image
Apr 16, 2025, 6:23 am GMT+0000 payyolionline.in

കൊച്ചി: മകൻ കാറുമായി ടൂർ പോയതിനു പിന്നാലെ ഗതാഗത നിയമം ലംഘിച്ചെന്ന് കാണിച്ച് ‘പരിവാഹൻ സൈറ്റി’ൽ നിന്ന് ഉടമക്ക് സന്ദേശമെത്തി. എന്നാൽ വ്യാജ പരിവാഹൻ സൈറ്റിൽനിന്നാണ് സന്ദേശം ലഭിച്ചതെന്ന് മനസ്സിലായപ്പോഴേക്കും ഉടമക്ക് 95000 രൂപ നഷ്ടമായിരുന്നു.

പട്ടിക ജാതി വകുപ്പ് റിട്ട. ഉദ്യോ​ഗസ്ഥനും പുരോ​ഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയാ പ്രസിഡന്റുമായ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ എൻ. എച്ച്. അൻവറിനാണ് തുക നഷ്ടപ്പെട്ടത്. ഗതാ​ഗത നിയമം ലംഘിച്ച അൻവറിന്റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലാണെന്നും 1000രൂപ പിഴ അടച്ചാലേ വിട്ടു തരാനാകൂ എന്നായിരുന്നു പരിവാഹൻ സൈറ്റിൽ നിന്ന് രാത്രി 12ന് വാട്സ്ആപ്പിൽ ലഭിച്ച സന്ദേശം.

മകൻ കാറിൽ വിനോദയാത്ര പോയിരുന്നതിനാൽ സന്ദേശം വിശ്വസിച്ച അൻവർ കൂടുതൽ വിവരങ്ങളറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു. പിന്നീ‌ടാണ് മൂന്ന് തവണകളിലായി 50,000, 45,000, 3500 രൂപ എന്നിങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതായി സന്ദേശമെത്തിയത്. രാവിലെ ബാങ്കിലെത്തി തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ശേഷം സൈബ‍ർ പൊലീസിന് പരാതി നൽകുകയായിരുന്നു.

വാഹന സംബന്ധമായ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പരിവാഹൻ സൈറ്റിന്റെ വ്യാജ പതിപ്പിലൂടെയാണ് തട്ടിപ്പുനടത്തിയത്. പിഴ അടക്കുന്നതിനും വാഹന സംബന്ധമായ മറ്റു വിശദാംശങ്ങൾ അറിയാനും പരിവാഹൻ വെബ്സൈറ്റാണ് വാഹന ഉടമകൾ ആശ്രയിക്കുന്നത്. ഔദ്യോഗിക ലോഗോക്ക് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ സൈറ്റ് വഴി വാഹന ഉ‌മകൾക്ക് തട്ടിപ്പുകാർ സന്ദേശം അയക്കുകയായിരുന്നു.

ഇങ്ങനെ നിരവധി പേരിൽ നിന്ന് വൻ തുക തട്ടിയതായാണ് പരാതി. 5,000 രൂപ മുതൽ 98,500 രൂപ വരെ നഷ്ടപ്പെട്ട 20 പേരാണ് കൊച്ചി സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഗതാഗത നിയമലംഘനം നടത്തിയവരും അല്ലാത്തവരുമായ നിരവധി പേർക്കാണ് സന്ദേശം എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe