മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് ആരോപണം തള്ളി സൂപ്രണ്ട്; ഡി.എം.ഒ.യ്ക്ക് റിപ്പോർട്ട് നൽകി

news image
May 30, 2026, 6:38 am GMT+0000 payyolionline.in

കോഴിക്കോട്: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയോധികയ്ക്ക് നൽകിയ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സൂപ്രണ്ട്. ചികിത്സാപിഴവ് ആരോപണം പൂർണ്ണമായും തള്ളിക്കൊണ്ട് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ.) വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. രോഗിയുടെ വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും, ശസ്ത്രക്രിയ നടത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഭവിഷ്യത്തുകളും മുൻകൂട്ടിത്തന്നെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവിൽ മൂന്ന് മണിക്കൂർ കൃത്യമായ നിരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് രോഗിയെ റൂമിലേക്ക് മാറ്റിയത്. യാതൊരുവിധത്തിലുള്ള മനപ്പൂർവ്വമായ പിഴവോ വീഴ്ചയോ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കാലുവേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 73 വയസ്സുകാരി പാർവതിയുടെ ഞരമ്പ് മുറിഞ്ഞുപോയി എന്നായിരുന്നു കുടുംബത്തിന്റെ പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം വയോധികയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പാർവതിയുടെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്.

മേയ് ആദ്യവാരം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയ പാർവതിയെ മേയ് 12-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. തുടർന്ന് വലിയ രീതിയിലുള്ള ചികിത്സാപിഴവ് ആരോപണവുമായി കുടുംബം രംഗത്തെത്തുകയും ഡി.എം.ഒ.യ്ക്ക് പരാതി നൽകുകയുമായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഒ. ആവശ്യപ്പെട്ട വിശദീകരണത്തിനാണ് ഇപ്പോൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് മറുപടി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe