അടിമാലി: ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന കൊടുംതണുപ്പിൽ മൂന്നാർ വിറക്കുന്നു. ജില്ലയിലെ കുറഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിലും താഴ്ന്ന ദിവസവുമുണ്ടായി. പല ദിവസങ്ങളിലും രാവിലെ 10 കഴിഞ്ഞും തണുപ്പ് മാറാത്ത അവസ്ഥയാണ്. ഉച്ചയോടെ വരണ്ട കാലാവസ്ഥയിലേക്കു മാറി വൈകീട്ട് വീണ്ടും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും. ഇത് പുലർച്ചെയോടെ കൊടും തണുപ്പാകും.
ചില മേഖലകളിൽ തണുപ്പിനോടൊപ്പം കനത്ത കോടമഞ്ഞുമുണ്ട്. കോടമഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ വിനോദ സഞ്ചാരമേഖലയുടെ പ്രധാനപ്പെട്ട കാലമാണ്. മഞ്ഞു പുതച്ച മൂന്നാർ കാണാൻ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ടൂറിസം മേഖലയിലും തിരക്ക് ഏറുകയാണ്.
ക്രിസ്മസ്, പുതുവർഷ ദിനങ്ങൾ കൂടിയെത്തുന്നതോടെ സഞ്ചാരികളുടെ വരവ് ഇനിയും വർധിക്കും. ഇതിന്റെ ഭാഗമായി ഹോംസ്റ്റേ, റിസോർട്ടുകൾ, വില്ലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക ബുക്കിങ് ആരംഭിച്ചിരുന്നു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും മറ്റു ജില്ലകളിൽ നിന്നുള്ളവരുമാണ് കൂടുതലായി എത്തുന്നത്. മൂന്നാറിലെ ഗതാഗതക്കുരുക്ക് വിനോദ സഞ്ചാരികളുടെ യാത്രയെ കാര്യമായി ബാധിക്കുന്നുണ്ട്.
