മലപ്പുറം: ജില്ലയിൽ നിലവിൽ പിങ്ക് കാർഡുകളിലെ 18,52,729 അംഗങ്ങളിൽ 4,78,636 പേരും മഞ്ഞ കാർഡുകളിലെ 207380 അംഗങ്ങളിൽ 76,798 പേരും ഇതിനകം മസ്റ്ററിങ് പൂർത്തീകരിച്ചതായി ജില്ല സപ്ലൈ ഓഫിസർ സി.എ. വിനോദ്കുമാർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപ്പെടുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ അംഗങ്ങളായ മുഴുവൻ പേരുടെയും ഇ-കെ.വൈ.സി മസ്റ്ററിങ് ജില്ലയിൽ ഈമാസം എട്ടുവരെ നടക്കും. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ പേരുള്ള മുഴുവൻ ആളുകളും റേഷൻ കടകളിൽ നേരിട്ടെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ-പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങിയവർ വീണ്ടും മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.
റേഷൻകടകളിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ ഇ-മസ്റ്ററിങ് വീടുകളിലെത്തി നടത്തും. സൗജന്യം ലഭിക്കുന്നവരുടെ ഇ-കെ.വൈ.സി അപ്ഡേഷൻ വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് മസ്റ്ററിങ് നടത്തുന്നത്. റേഷൻ ബയോമെട്രിക് മസ്റ്ററിങ് നടത്തിയോ എന്ന് പരിശോധിക്കാൻ ഓൺലൈൻവഴി സിവിൽ സൈപ്ലസ് വകുപ്പിന്റെ (http://epos.kerala.gov.in/SRC_Trans_Int.jsp) വെബ് സൈറ്റിൽ കയറി റേഷൻ കാർഡ് നമ്പർ അടിച്ച് കൊടുക്കും.
റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുത്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരിനു നേരെ വലതുഭാഗത്ത് അവസാനമായി ഇ-കെ.വൈ.സി സ്റ്റാറ്റസ് കാണാം. അതിൽ ഡൺ എന്നാണ് കാണുന്നതെങ്കിൽ അവർ മസ്റ്ററിങ് നടത്തിയിട്ടുള്ളവരാണ്. എന്നാൽ നോട്ട് ഡൺ എന്നാണെങ്കിൽ അവർ നിർബന്ധമായും റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തണം. ഒരു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചെത്തി മസ്റ്ററിങ് ചെയ്യണമെന്നില്ല. എല്ലാവരും എട്ടിനകം നിർബന്ധമായും മസ്റ്ററിങ് നടത്തണം. മസ്റ്ററിങിന് വരുമ്പോൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരണമെന്നും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.