മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ, വയോധികൻ മരിച്ചു; 300 ലധികം പേർ ചികിത്സയിൽ

news image
Apr 10, 2026, 12:42 pm GMT+0000 payyolionline.in

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. 300ലധികം പേർ ചികിത്സയിലാണ്. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. കണ്ണൂലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് വിജയൻ മരിച്ചത്.

ഏപ്രിൽ ആറിന് കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ സദ്യ കഴിച്ച മുന്നൂറിലധികം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. പച്ചടിയുടെയും വെള്ളത്തിന്റെയും സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

 

ഭക്ഷണം കഴിച്ചവർക്ക് വയറിളക്കം, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഏഴാം തീയതി ഉച്ചയോടെയാണ് ആളുകൾ വ്യാപകമായി ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. നിരവധി പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം ഏഴോടെ പൊറോറയിലെ നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe