മണിക്കൂറുകൾക്കു മുമ്പേ അക്രമി വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നു; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പൊലീസ്

news image
Jan 16, 2025, 8:34 am GMT+0000 payyolionline.in

മുംബൈ: നടൻ സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റ വാർത്ത ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേറ്റ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമം നടന്നത് എങ്ങനെയെന്ന് അന്വേഷണം നടക്കുകയാണ്. അക്രമി നേരത്തേ തന്നെ സെയ്ഫിന്റെ വീട്ടിൽ ഒളിച്ചിരുന്നോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കാരണം ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ആരും വീട്ടിനുള്ളിലേക്ക് കടന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ ഇല്ല. അതിനാലാണ് അക്രമി മണിക്കൂറുകൾക്ക് മുമ്പേ സെയ്ഫിന്റെ വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് കരുതുന്നത്. ​സെയ്ഫി​നെ ആറുതവണ കുത്തി ഗുരുതര പരിക്കേൽപിച്ച ശേഷം അക്രമി ഓടിരക്ഷപ്പെടുകയും ചെയ്തു. രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണ്. വ്യാഴാഴ്ച പുലർച്ചെ 2.30നാണ് സംഭവം നടന്നത്. അക്രമിയും സെയ്ഫും തമ്മിൽ വാക്തർക്കമുണ്ടായതായും സൂചനയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

അക്രമത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെയാണ് മുംബൈയെ നടുക്കി ബോളിവുഡ് താരത്തിനു നേരെ കത്തിക്കുത്ത് നടന്നത്. അതിനു പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. മുംബൈയിൽ സെലിബ്രിറ്റികൾക്ക് പോലും രക്ഷയില്ലെന്ന് ശിവസേന(യു.ബി.ടി)നേതാര് പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

”കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് ബാബ സിദ്ദീഖിയുടെ കുടുംബം ഇതുവരെ മോചിതരായിട്ടില്ല. ബുള്ളറ്റ്പ്രൂഫ് വീട്ടിലാണ് സൽമാൻ ഖാൻ കഴിയുന്നത്. ഇപ്പോൾ സെയ്ഫ് അലിഖാനെയാണ് ആക്രമികൾ ലക്ഷ്യമിട്ടത്. മുംബൈയിൽ സെലിബ്രിറ്റികൾക്കു പോലും രക്ഷയില്ല.”-ചതുർവേദി പറഞ്ഞു.

പുലർച്ചെ 3.30നാണ് സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി സി.ഇ.ഒ നിരജ് ഉത്തമാനി പറഞ്ഞു. ആറ് മുറിവുണ്ട്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. ശസ്ത്രക്രിയക്ക് വിധേയനാക്കണം. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്‌മെറ്റിക് സർജൻ ലീന ജെയിൻ അനസ്‌തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിനുള്ളിൽ കടന്ന മോഷ്ടാവും സെയ്ഫ് അലി ഖാനും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മോഷ്ടാവ് കത്തി ഉപയോഗിച്ച് തുടർച്ചയായി കുത്തിയത്. ഏതാനും കുടുംബാംഗങ്ങൾ ആ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe