ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 53 ഓഫിസർമാരെ സിബിഐ നിയോഗിച്ചു. ലൗലി കത്യാർ, നിർമല ദേവി എന്നീ വനിതകളും മൊഹിത് ഗുപ്തയും ഉൾപ്പെടെ ഡിഐജി റാങ്കിലുള്ള 3 ഓഫിസർമാരും എസ്പി രാജ്വീറും ആയിരിക്കും അന്വേഷണസംഘത്തെ നയിക്കുക. 2 എസ്പി, 6 ഡിഎസ്പി എന്നിവരും അടങ്ങിയ സംഘം ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. 16 ഇൻസ്പെക്ടർമാരും 10 സബ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയേറെ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിബിഐ അന്വേഷണസംഘം രൂപീകരിക്കുന്നത്.
സാധാരണഗതിയിൽ ഇത്രയേറെ കേസുകൾ സിബിഐക്കു കൈമാറുമ്പോൾ അന്വേഷണസംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസിനെക്കൂടി ആശ്രയിക്കാറുണ്ട്. എന്നാൽ മണിപ്പുരിലെ പ്രത്യേക സാഹചര്യത്തിൽ പക്ഷപാതപരമായ ആരോപണങ്ങൾ ഉണ്ടാകതാരിക്കാൻ ഇവരെ ഒഴിവാക്കി. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളാകും സിബിഐ അന്വേഷിക്കുക. ഇതിനിടെ, മണിപ്പുരിൽ ആയുധങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. 11 തോക്കുകൾ മാത്രമാണു കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ലഭിച്ചത്. മണിപ്പുർ പൊലീസിന്റെ സാന്നിധ്യത്തിലാണു തോക്കുകളുമായി അക്രമിസംഘം നിർബാധം വിഹരിക്കുന്നത്.
മണിപ്പുർ പൊലീസിൽ നിന്നു കവർന്നെടുത്ത 6,000 തോക്കുകളും 6 ലക്ഷം വെടിയുണ്ടകളും തിരിച്ചുപിടിക്കാതെ സമാധാനമുണ്ടാകില്ലെന്നു ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു.ഈ അത്യാധുനിക ആയുധങ്ങളാണു സാധാരണക്കാർക്കു നേരെ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കവർന്നെടുക്കപ്പെട്ട തോക്കുകളിൽ 95 ശതമാനവും മെയ്തെയ് വിഭാഗത്തിന്റെ കൈവശമാണ്. ബിരേൻ സിങ്ങിനെ സമാധാന സമിതിയിൽ ഉൾപ്പെടുത്തിയതാണു ചർച്ച അട്ടിമറിച്ചതെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.