ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്ന ഓഡിയോ ടേപ്പ് ഹാജരാക്കിയ കുക്കി സംഘടന പുതിയതാണെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി തള്ളി.
മണിപ്പൂർ കലാപത്തിൽ തെറ്റ് ചെയ്ത ഏതെങ്കിലും വ്യക്തികളെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ഓർമിപ്പിച്ചു. ഓഡിയോ ടേപ്പിലൂടെ ബിരേൻ സിങ് നടത്തിയ കലാപാഹ്വാനം പുറത്തുവന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച ‘കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്’ ഒരു പുതിയ കൂട്ടരാണെന്നായിരുന്നു മേത്തയുടെ വാദം. അത് തങ്ങൾക്ക് വിഷയമല്ലെന്നും ഹരജിക്കാർ ആരാണെന്ന കാര്യം അവഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റിനെ സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തുടർന്നു.
ഓഡിയോ ടേപ്പിന്റെ ആധികാരികത പരിശോധിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് കേന്ദ്രം സമർപ്പിച്ചത് കോടതി പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിലപാട് അറിയിക്കാൻ മേത്തയോട് ആവശ്യപ്പെട്ട് കേസ് ജൂലൈ 21ലേക്ക് മാറ്റി. അഡ്വ. പ്രശാന്ത് ഭൂഷൺ ആണ് ഹരജിക്കാർക്കുവേണ്ടി ഹാജരായത്.