‘മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമം’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

news image
Sep 4, 2023, 4:49 am GMT+0000 payyolionline.in

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. 2002 ൽ ഗുജറാത്തിൽ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോൾ ഹരിയനയിലും മണിപ്പൂറിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന് ഇപ്പോൾ തടയിട്ടില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും എം കെ സ്റ്റാലിൻ പറയുന്നു.

അതേസമയം, സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. വംശഹത്യക്ക് ആഹ്വാനം നൽകിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.  ഇന്ത്യ മുന്നണിയെ ഭയക്കുന്നതു കാരണം വാക്കുകൾ വളച്ചൊടിക്കുന്നു. ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം എന്നും ഉദയനിധി വ്യക്തമാക്കി.

മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പ്രതികരിച്ചു. ഹൈന്ദവ മഠങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സ്റ്റാലിൻ സർക്കാർ ശ്രമിച്ചു വരുന്നതിനിടയിലാണ് ഉദയനിധിയുടെ വാക്കുകൾ ബിജെപി ആയുധമാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe