തിരുവനന്തപുരം: വിപണിയിലെ സ്വകാര്യകമ്പനികളുമായുള്ള മത്സരം മറികടക്കാൻ പാക്കറ്റ് പാലിനൊപ്പം കുപ്പിപ്പാലും ലഭ്യമാക്കാനൊരുങ്ങുകയാണ് മിൽമ. ആദ്യമായാണ് കുപ്പിയിലടച്ച പാൽ മിൽമ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. സ്വകാര്യകമ്പനികൾ നിലവിൽ കുപ്പിപ്പാൽ വിൽക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മിൽമയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുക. പ്രതിദിനം 10,000 ലിറ്റർ കുപ്പിപ്പാൽ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.
ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാൽ എത്തിക്കുക. കുപ്പി തുറന്ന് ഉപയോഗിച്ചശേഷം അവശേഷിക്കുന്നത് മൂന്നുദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാം. നിലവിൽ 56 രൂപക്കാണ് ഒരു ലിറ്റർ കവർപാൽ വിൽക്കുന്നത്. കുപ്പിപ്പാലിന് 60 രൂപക്ക് മുകളിലാകും വിലയെന്നാണ് സൂചന. മികച്ച പ്രതികരണമുണ്ടായാൽ കൂടുതൽ കുപ്പിപ്പാൽ വിപണിയിലെത്തിക്കും.
പാൽവില ഉടനടി കൂട്ടേണ്ടതില്ലെന്ന് 15ന് ചേർന്ന മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. വിവിധ മേഖലാ യൂനിയനുകളുടെ നിർദേശപ്രകാരമാണ് തീരുമാനം. തിരുവനന്തപുരം, എറണാകുളം, മലബാർ യൂനിയനുകളുടേതായിരുന്നു വില കൂട്ടാനുള്ള ശിപാർശ. ലിറ്ററിന് 60 രൂപയാക്കണമെന്നായിരുന്നു അവരുടെ നിർദേശം. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപക്കാണ് നിലവിൽ വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ 60 രൂപക്കു മുകളിലെത്തും. ഉടനടി വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം.
2022 ഡിസംബറിലാണ് സംസ്ഥാനത്ത് ഒടുവിൽ പാൽ വില കൂട്ടിയത്. ഏതാനും മാസങ്ങളായി വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മിൽമ ബോർഡ് യോഗം ചേർന്നത്. കർഷകർക്ക് കൂടുതൽ പണം ലഭ്യമാക്കാനായാണ് വില കൂട്ടേണ്ടതെന്ന് വിവിധ യൂനിയനുകൾ പറയുന്നു. എന്നാൽ ഉപഭോക്താക്കളിൽ അമിതഭാരം ഏൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന വാദവും ശക്തമാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് കേരളത്തിലെ പാൽ വിലയെന്നതും ശ്രദ്ധേയമാണ്.