മന്ത്രി അറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവം: വിജിലൻസ് അന്വേഷണത്തിന് സർക്കാർ

news image
Nov 2, 2026, 5:13 am GMT+0000 payyolionline.in

തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ. രണ്ട് ഉദ്യോഗസ്ഥർ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥർ മുമ്പും സമാനമായ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും. അപേക്ഷ നൽകി 24 മണിക്കൂറുകൾക്കുള്ളിൽ ആണ് ബാറുകൾക്ക് ലൈസൻസ് നൽകിയത്. മൂവാറ്റുപുഴയിലെ ബാർ ലൈസൻസിന് അപേക്ഷിച്ചത് ജൂൺ 23നാണ്. ജൂൺ 24ന് ലൈസൻസ് നൽകി.

സംഭവത്തിൽ ലൈസൻസ് നൽകിയ രണ്ട് ഡെപ്യൂട്ടി കമ്മീഷണർ സസ്‌പെൻഷനിലാണ്. വീര്യം കൂടിയ വൈനിന് അനുമതി നൽകിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെയാണ് പുതിയ ബാറുകൾക്ക് അനുമതി നൽകിയ രണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സസ്‌പെൻഷനിൽ ആകുന്നത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് തരം മാറ്റിയാണ് അനുമതി നൽകിയത്. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ സതീഷ്, കോട്ടയം ഇൻ- ചാർജുള്ള പത്തനംതിട്ട ഡിസി ഷിബു പി.എൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മന്ത്രി അറിയാത്ത തരത്തിൽ സിസ്റ്റം ഉണ്ടാക്കി വെച്ചാൽ മന്ത്രി അത് തിരുത്തുമെന്നും സർക്കാർ നയം അനുസരിച്ചു മാത്രമേ ഇനി എന്ത് തീരുമാനങ്ങളും ഉണ്ടാകൂ എന്നും എക്‌സൈസ് മന്ത്രി എം ലിജു മുന്നറിയിപ്പ് നൽകിയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ മദ്യനയും പുറത്തു വരുന്നതിനു മുൻപായി പുതിയ ബാറുകൾക്ക് അനുമതി നൽകാൻ പാടില്ല എന്ന നിർദ്ദേശം നിലനിൽക്കെകയാണ് ഉദ്യോഗസ്ഥരുടെ ഇടപെടൽ നടന്നത്. ഫോർട്ടി വൈൻ വിവാദത്തിൽ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസൻസ് നൽകിയ ഉദ്യോഗസ്ഥനെയും നേരത്തെ മാറ്റിനിർത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe