മന്ത്രി ഗണേഷ്‍കുമാറിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’ നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍; പിടിച്ചെടുത്ത എയര്‍ഹോണുകള്‍ മണ്ണുമാന്തി യന്ത്രം കയറ്റി നശിപ്പിച്ചു

news image
Oct 20, 2025, 1:26 pm GMT+0000 payyolionline.in

കൊച്ചി: ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കൊച്ചിയിൽ പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ മണ്ണുമാന്ത്രിയന്ത്രം കയറ്റി നശിപ്പിച്ചു. എയ‍ർ ഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് റോളറിന് പകരം ജെസിബിയിൽ റോഡ് റോളർ ഭാഗം ഘടിപ്പിച്ചായിരുന്നു നടപടി. കഴിഞ്ഞ കുറച്ചു ദിവസമായി നടന്ന പ്രത്യേക ഡ്രൈവിൽ പിടിച്ചെടുത്ത എയര്‍ഹോണുകളാണ് ഒന്നിച്ച് നശിപ്പിച്ചത്. കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ നൂറുകണക്കിന് എയര്‍ഹോണുകളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം ഒന്നിച്ച് കൊണ്ടുവന്നാണ് ഇന്ന് ഉച്ചയോടെ നശിപ്പിച്ചത്.

എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്. എന്നാൽ, രാവിലെ കൊച്ചിയിൽ ഒരിടത്ത് റോഡ് റോളര്‍ ഉപയോഗിച്ച് തന്നെ എയര്‍ഹോണുകള്‍ നശിപ്പിച്ചിരുന്നു. എന്നാൽ, ഉച്ചയ്ക്ക് നടന്ന കൂട്ടതകര്‍ക്കലിന് റോഡ് റോളര്‍ കിട്ടിയില്ല. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് അതിൽ റോഡ് റോളറിന് സമാനമായ ഭാഗം ഘടിപ്പിച്ചായിരുന്നു എയര്‍ഹോണ്‍ തകര്‍ക്കൽ നടന്നത്. അതേസമയം, എയര്‍ഹോണുകളുടെ പ്രധാന ഭാഗം വാഹനങ്ങളിൽ നിന്ന് ഊരി മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ട്. അവ ഈരിയാൽ എയര്‍ലീക്ക് ഉള്‍പ്പെടെയുള്ള പ്രശ്നം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നത്. അതിനാൽ തന്നെ എയര്‍ഹോണിന്‍റെ ചില ഭാഗങ്ങള്‍ മാത്രം പിടിച്ചെടുത്താലും അവ വീണ്ടും നിരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന വിമര്‍ശനവുമുണ്ട്. അതേസമയം, ഗുരുതരമായ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ എയര്‍ഹോണിൽ മാത്രം ഇത്തരത്തിലുള്ള അസാധാരണ നശിപ്പിക്കൽ നടപടിയ്ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe