മന്‍മോഹന്‍ സിങ്ങിന് ആദരം; കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍

news image
Dec 27, 2024, 5:40 am GMT+0000 payyolionline.in

മെല്‍ബണ്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകമായി ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആംബാന്‍ഡ് അണിഞ്ഞ്. ഇക്കാര്യം വ്യക്തമാക്കി ബി.സി.സി.ഐ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ ചിത്രവും ബി.സി.സി.ഐയുടെ പോസ്റ്റിലുണ്ട്.

അതേസമയം ആസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ രോഹിത് ശര്‍മ (മൂന്ന്), കെ.എല്‍. രാഹുല്‍ (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമിന്‍സാണ് ഇരുവരെയും പുറത്താക്കിയത്. 26 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 82 എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 15 റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 474 റണ്‍സാണ് നേടിയത്.

മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ്, സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe