മലപ്പുറം: മലപ്പുറത്ത് ഷിഗെല്ല മരണം. വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം പുറത്തുവന്നു. കീഴാറ്റൂർ സ്വദേശി സരോജിനി(59) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ച്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണ്. വയനാട് കോളയാടി സ്കൂളിലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്.
2025 ൽ 132 പേർക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ൽ 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2023ൽ 90 പേർക്കും 2022ൽ 83 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിൽ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വർഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
