മലപ്പുറം: ജില്ലയില്‍ അടുത്ത മാസം ഡെങ്കിപ്പനിക്കേസുകൾ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്. ഇടവിട്ട് മഴയും വെയിലും കൊതുകു പെരുകുന്നതിനു കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മലയോര മേഖലകൾക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഇതേ വരെ ജില്ലയിൽ 241 പേർക്കാണ് ഡങ്കി സ്ഥിരീകരിച്ചത്..663 പേര് ലക്ഷണങ്ങളോടെ ചികിത്സ തേടി.ഇന്നലെ 11 പേർക്കാണ് ഡങ്കി സ്ഥിരീകരിച്ചത്.ആദ്യഘട്ടത്തിൽ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് തുടങ്ങിയ മലയോര മേഖലയിലായിരുന്നു ഡങ്കി പടർന്നതെങ്കിൽ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലും കഴിഞ്ഞ ദിവസങ്ങളിൽ 12 കേസുകൾ റിപ്പോർട്ട് ചെയ്തു.
മഴ ഇടവിട്ട് പെയ്യുന്നത് കൊതുകു വളരുന്നതിനു ഇടയാക്കുകയാണ്.ഈ നിലയിൽ തുടർന്നാൽ അടുത്ത മാസം കൂടുതൽ കേസുകൾ വരുമെന്ന് ഉറപ്പാണ്. 2017 ന് സമാനമായി പലയിടത്തും ഡങ്കിപ്പനി പൊട്ടിപ്പുറപെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.2017 ൽ ഡങ്കിപ്പനി ബാധിച്ചു 62 പേർ മരിച്ചിരുന്നു.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊതുക് നിവാരണപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പുണ്ട്.ജില്ലയിൽ ഇന്നലെ 1812 പേരാണ് വൈറൽ പനി ബാധിച്ചു ചികിത്സ തേടിയത്. മുൻ ദിവസങ്ങളിൽ പനിക്കണക്ക് പ്രതിദിനം 2000 കിടന്നിരുന്നു.