മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂര്‍ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീൻ അറിയിച്ചു.
ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. കെട്ടിക്കിടക്കുന്ന വെളളത്തില്‍ മുങ്ങിക്കുളിക്കുന്നവരില്‍ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്കജ്വരം.