മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

news image
Sep 29, 2025, 8:05 am GMT+0000 payyolionline.in

മലപ്പുറം : മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപടിയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. 3 പേരും 4 ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്നും വണ്ടൂരിലെത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനവും വീടുകൾ കയറി ബോധവത്ക്കരണവും ആരംഭിച്ചു.

തിങ്കളാഴ്ച 17, 18 വാർഡുകളിൽ ഉൾപ്പെട്ട അമ്പലപ്പടി, പുല്ലൂർ, ഗവ. വിഎംസി സ്കൂൾ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കൽ ഭാഗങ്ങളിലെ വീടുകളിൽ വണ്ടൂർ, മമ്പാട്, തിരുവാലി, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സുമാർ, ആശാ വർക്കർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. വീടുകളിൽ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു. ചിരട്ടകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ വീട്ടുകാർക്ക് പരിഹാരമാർഗങ്ങൾ വിവരിച്ചു നൽകി. കൂടുതൽ ശ്രദ്ധ വേണ്ട കേന്ദ്രങ്ങൾ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. അത്തരം സ്ഥലങ്ങളിൽ വീണ്ടും പരിശോധന ഉണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe