ബാലുശേരി: കക്കയം മലനിരകളുടെ മനോഹാരിതയിൽ കാഴ്ചയുടെ വിസ്മയം തുറക്കുകയാണ് കരിയാത്തുംപാറയും തോണിക്കടവും. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. വേനലവധി ആഘോഷിക്കാൻ കുടുംബങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ഇവിടെ തിരക്കേറി. ഞായർ, തിങ്കൾ ദിവസങ്ങളിലായി അയ്യായിരത്തോളാം സഞ്ചാരികൾ ഇവിടെയെത്തിയതായി കക്കയം കരിയാത്തുംപാറ തോണിക്കടവ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അധികൃതർ പറഞ്ഞു.
ഇടവിട്ടുള്ള വേനൽമഴയെ വകവയ്‌ക്കാതെയാണ് സഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നത്. കക്കയം ഡാംസൈറ്റ്, ഉരക്കുഴി എന്നിവിടങ്ങളിലെയും കാഴ്ച കണ്ടാണ് സഞ്ചാരികൾ മടങ്ങുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രയുടെ ഭാഗമായും ഇവിടേക്ക് ഒട്ടേറെ പേർ എത്തുന്നു. പെരുവണ്ണാമുഴി ജലാശയത്തിന്റെ ഭാഗമായ കരിയാത്തുംപാറ സഞ്ചാരികൾക്ക് മനംകവരും കാഴ്ചയാണ് സമ്മാനിക്കുന്നത്. മലനിരകളും പുൽമേടുകളും ദൃശ്യവിരുന്നൊരുക്കുന്ന ഇവിടം പ്രധാന ഫോട്ടോഷൂട്ട് കേന്ദ്രം കൂടെയാണ്. നിരവധി സിനിമാ ആൽബം ഷൂട്ടിങ് ഇവിടെ നടന്നിട്ടുണ്ട്. കക്കയം ഡാമിന് താഴ്‌വരയിലാണ് ഈ പ്രദേശം. മലനിരകൾ ഇറങ്ങിവരുന്ന സ്ഫടികജലം, ഉരുളൻകല്ലുകൾ നിറഞ്ഞ പുഴ, ആകാശനീലിമയിൽ മലനിരകൾ എന്നിവ ഇവിടുത്തെ ആകർഷണമാണ്. ഇരുകരകളിലുമായുള്ള അക്കേഷ്യ മരങ്ങൾ ഈ കേന്ദ്രത്തിന്റെ സൗന്ദര്യംകൂട്ടും. സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വർധിപ്പിക്കണമെന്നാണ് ആവശ്യം. അപകടമരണങ്ങൾ വർധിച്ചതോടെ അതിരുകൾ ഇരുമ്പുവേലി കെട്ടി ഗേറ്റ് വച്ചിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയാണ് പ്രവേശനഫീസ്. അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് സൗജന്യമാണ്. കോഴിക്കോട്ടുനിന്ന് ബാലുശേരി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറ എത്താം. താമരശേരി ഭാഗത്തുകൂടെ വരുന്നവർക്ക് പൂനൂർ എസ്റ്റേറ്റ് മുക്ക് തലയാട് വഴിയും എത്താം.