ബംഗളൂരു: മലയാളിയായ സ്വർണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി 40 ലക്ഷം രൂപ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ നാലുമലയാളികൾ പിടിയിലായി. ഇവരിൽനിന്ന് കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാറും കർണാടക പൊലീസ് പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാവിലെ ഗുണ്ടൽപേട്ടക്കടുത്ത് ബേഗൂർ വില്ലേജിലാണ് സംഭവം. വയനാട് കൽപറ്റയിലെ സ്വർണവ്യാപാരി സുഖ്ദേവ് തന്റെ ഹോണ്ട സിറ്റി കാറിൽ ഡ്രൈവർ അഷ്റഫിനൊപ്പം മൈസൂരുവിൽനിന്ന് കേരളത്തിലേക്ക് പോവുകയായിരുന്നു. 11 മണിയോടെ ബേഗൂർ മെയിൻ റോഡിലേക്ക് ഇവർ തിരിഞ്ഞതോടെ ഇന്നോവയിലും കാറിലുമെത്തിയ ആക്രമികൾ ഇവരെ തടഞ്ഞുനിർത്തി. ആക്രമികൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. സുഖ്ദേവിനെയും അഷ്റഫിനെയും വലിച്ചിറക്കിയ സംഘം കാർ കൊണ്ട് കടന്നുകളയുകയായിരുന്നു. ഇതിൽ 40 ലക്ഷം രൂപ സൂക്ഷിച്ചിരുന്നു. സംഭവം സംബന്ധിച്ച് സുഖ് ദേവ് അറിയിച്ചതിനനുസരിച്ച് പൊലീസ് നടപടികളെടുത്തു.
ആക്രമികൾ രക്ഷപ്പെടാൻ സാധ്യതയുള്ളയിടങ്ങളിലെല്ലാം കാവൽ ഏർപ്പെടുത്തി. പൊലീസിനെ വെട്ടിക്കാനായി രണ്ട് ഭാഗങ്ങളിലേക്കാണ് ആക്രമികൾ പോയത്. എന്നാൽ ഇവർ സഞ്ചരിച്ച ഇന്നോവ കാർ സോമഹള്ളിക്ക് സമീപമുള്ള പാലത്തിൽ ഇടിച്ചു. അപകടമാണെന്ന് കരുതി സമീപത്തെ ബസവ ക്ഷേത്രത്തിൽനിന്ന് സമീപവാസികളായ നിരഞ്ജൻ, മണികണ്ഠ, മഹേഷ് എന്നിവർ ഓടിയെത്തി. ഇവരെ കണ്ടതോടെ ആക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
പൊലീസ് സൂപ്രണ്ട് പത്മിനി സാഹൂ ബേഗൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആക്രമി സംഘത്തിൽ എട്ടുപേർ ഉണ്ടായിരുന്നു. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബേഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.