മഴക്കാലത്തിന് മുൻപ് ദേശീയപാത പൂർത്തിയാകുമോ? വടകരയിൽ ദേശീയപാത നവീകരണം മന്ദഗതിയിൽ; പ്രവൃത്തി നീണ്ടാൽ മണ്ണിടിച്ചിൽ ഭീഷണി

news image
Oct 13, 2025, 4:19 am GMT+0000 payyolionline.in

വടകര∙ ദേശീയപാതയിൽ അഴിയൂർ–വെങ്ങളം റീച്ചിൽ പ്രവൃത്തി മന്ദഗതിയിലായത് വടകര മേഖലയി‍ൽ. അഞ്ചര കിലോമീറ്റർ വരുന്ന അഴിയൂർ–നാദാപുരംറോഡ്, 8.25 കിലോ മീറ്റർ വരുന്ന നാദാപുരം റോഡ്–പുതുപ്പണം ഭാഗങ്ങളിൽ പ്രവൃത്തി പകുതി എത്തിയിട്ടേ ഉള്ളൂ. അഴിയൂർ–നാദാപുരം റോഡ് ഡിസംബറിലും നാദാപുരം റോഡ്–പുതുപ്പണം അടുത്ത മാർച്ചിലും പൂർത്തിയാക്കാനാണ് എൻഎച്ച്എഐ ലക്ഷ്യമിടുന്നതെങ്കിലും  മണ്ണിടിച്ചിൽ ഭീഷണിയും  ഉയരപ്പാത– മേൽപാലം നിർമാണവും എം ബാങ്ക്മെന്റ് നിർമാണവും ഉൾപ്പെടെ ഏറെ സങ്കീർണമാണ് ഇവിടുത്തെ പ്രവൃത്തികൾ.

 

മഴ മൂലം നിശ്ചലമായ നിർമാണ പ്രവൃത്തി അടുത്തിടെ പുനരാരംഭിച്ചെങ്കിലും വേഗം കൈവന്നിട്ടില്ല. വിരലിൽ എണ്ണാവുന്ന തൊഴിലാളികളാണ് പലയിടത്തും ഉള്ളത്. ഏപ്രിലിന് മുൻപ് പൂർത്തീകരിച്ചില്ലെങ്കിൽ മറ്റൊരു കാലവർഷം കൂടി എത്തും. അഴിയൂർ–നാദാപുരം റോഡ് ഭാഗത്ത് മണ്ണിടിച്ചിൽ മൂലം കണ്ണൂക്കര, മടപ്പള്ളി എന്നിവിടങ്ങളിൽ തകർന്നു വീണ സോയിൽ നെയ്‌ലിങ്ങിന് ഇതുവരെ പ്രതിവിധി കണ്ടിട്ടില്ല. ഇവിടെ പാർശ്വ ഭിത്തി പോലും നിർമിച്ചിട്ടില്ല. കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഭീഷണിയിൽ കഴിയുന്നവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല.

വടകര ബൈപാസ് വരുന്ന നാദാപുരംറോഡ്‍–പുതുപ്പണം ഭാഗത്താണ് പ്രവൃത്തി ഏറ്റവും പിറകിൽ. ഇവിടെ 4 മേൽപാലവും ഒരു ഉയരപ്പാതയും പാലത്തിന് സമമായി മണ്ണ് ഉയർത്തിയുള്ള എംബാങ്ക്മെന്റ് പ്രവൃത്തിയും നടക്കാനുണ്ട്. പുറമേ 4 അടിപ്പാതയും ഇവിടെയുണ്ട്. ഉയരപ്പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. വടകര ബൈപാസിൽ നിരപ്പാക്കൽ പ്രവൃത്തിയാണ് നടക്കുന്നത്. അടയ്ക്കാത്തെരുവിൽ മേൽപാലം കോൺക്രീറ്റ് കഴിഞ്ഞു. മടപ്പള്ളി അടിപ്പാത പ്രവൃത്തി തുടങ്ങിയിട്ടില്ല.

നാദാപുരം റോഡും ചോറോടും അടിപ്പാത ഒരു ഭാഗമായി. കൈനാട്ടി മേൽപാലം അവസാനഘട്ടത്തിലാണ്. ആദ്യം പ്രവൃത്തി ആരംഭിച്ച പെരുവാട്ടുംതാഴ മേൽപാലത്തിന്റെ കോൺക്രീറ്റ് ഇതുവരെ നടന്നിട്ടില്ല. ചോറോട് റെയിലിനു മുകളിൽ സ്ഥാപിക്കാനുള്ള ബോസ്ട്രിങ് സ്റ്റീൽ പാലം നിർമാണം പൂർത്തിയായെങ്കിലും റെയിലിന് മുകളിലേക്ക് നീക്കി വച്ചിട്ടില്ല. മേൽപാലത്തിന്റെയും അടിപ്പാതയുടെയും ഉയരത്തിൽ പണിയുന്ന റോഡിനും ഉയരപ്പാതയ്ക്കും ആവശ്യമായ മണ്ണ് ജിയോളജി വകുപ്പിന്റെ അനുമതിയോടെ എത്തുന്നതോടെ മണ്ണു പ്രതിസന്ധിക്ക് പരിഹാരമാകും. ഈ മേഖലയിലെ ഏക ടോൾ പ്ലാസയുടെ നിർമാണം ചോമ്പാലയിൽ ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിപ്പള്ളിയിൽ അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയായെങ്കിലും തുറന്നു കൊടുത്തിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe