കോഴിക്കോട്: ജില്ലയിൽ ജൂലൈ ആറുവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതികൾ നേരിടുന്നതിനായി ദുരന്ത നിവാരണ വകുപ്പ് സജ്ജമായി. ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽനിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്നും ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ കലക്ടർ എ. ഗീത തഹസിൽദാർമാർക്ക് നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്താണ് ജില്ല കലക്ടർ നിർദേശങ്ങൾ നൽകിയത്.
വില്ലേജ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം. അഗ്നിശമന വിഭാഗം, ആരോഗ്യ വകുപ്പ്, പൊലീസ് എന്നീ വകുപ്പുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാകണമെന്നും കലക്ടർ പറഞ്ഞു. ക്യാമ്പുകളിൽ പനിബാധിതർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ശക്തമായ പനിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പനി പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കലക്ടർ പറഞ്ഞു. കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമെ താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂം ആരംഭിച്ചു. 1077 ആണ് ടോൾ ഫ്രീ നമ്പർ.