ഇടുക്കി: സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദേശം നൽകി. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.
മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനുള്ള നിർദേശവും നൽകി. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്‌സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയിൽ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്.പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂർമലയിൽ വീട്ടമ്മക്കും ജീവൻ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരനും ജീവൻ നഷ്ടമായി. വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ ഒമ്പത് ജില്ലകളിൽ കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. വയനാടും മഴ കനക്കുകയാണ്. ആശങ്കയായി നദികളിലെ ജലനിരപ്പും ഉയരുകയാണ്.
