മുംബൈ: മഹാരാഷ്ട്രയിൽ ഓർഡൻസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭണ്ഡാര ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്.
രക്ഷാപ്രവർത്തകരും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്നിട്ടുണ്ട്. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫാക്ടറിയുടെ അവശിഷ്ടങ്ങൾ മാറ്റാൻ ജെ.സി.ബി ഉൾപ്പടെയുള്ളവയേയും സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
12 പേർ സ്ഥലത്ത് കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയം. ഇതിൽ രണ്ട് പേരെ രക്ഷിച്ചതായി ജില്ലാ കലക്ടർ സഞ്ജയ് കോൽട്ടെ പറഞ്ഞു. രക്ഷപ്പെടുത്തിയവർക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.
മോദി സർക്കാറിന്റെ പരാജയത്തിലേക്കാണ് ഭണ്ഡാരയിലെ ഫാക്ടറിയിലെ പൊട്ടിത്തെറി വിരൽ ചൂണ്ടുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോള പറഞ്ഞു.