ഉദ്ഗിർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉദ്ഗിറിൽ രണ്ട് ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ. ഹുതമ സ്മാരക ഗാർഡൻ മുതൽ മഹാത്മ ഗാന്ധി ഗാർഡൻ വരെയുള്ള മേഖലയിലാണ് അസാധാരണമായ നിലയിൽ കാക്കകൾ ചത്തുവീണത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആയാണ് അസാധാരണമായ രീതിയിലെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പ്രാദേശിക ഭരണകൂടം കാക്കകളും മൃതദേഹങ്ങൾ പരിശോധനകൾക്ക് വിധേയമാക്കാനായി അയച്ചിരിക്കുകയാണ്. ഹുതമ സ്മാരക ഗാർഡനിലും പരിസരത്തുമായി പതിനഞ്ചിലേറെ കാക്കകൾ നിലത്ത് വീണ് പിടഞ്ഞ് മരിക്കുന്നത് പ്രദേശവാസികളാണ് പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതിന് പിന്നാലെ തന്നെ മഹാത്മ ഗാന്ധി ഗാർഡന്റെ പരിസരത്തും കാക്കകളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ആറോളം കാക്കകളുടെ മൃതദേഹങ്ങളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നതെന്നാണ് ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ഓഫീസർ ഡോ പ്രകാശ് ദോണ്ഡ് വിശദമാക്കുന്നത്. പ്രദേശവാസികളോട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദമാക്കുന്നത്. ഭൌമാന്തരീക്ഷത്തിൽ 41 ശതമാനത്തോളം ആർദ്രത നിറയുന്ന കാലാവസ്ഥയാണ് ഏതാനും ദിവസങ്ങളായി മേഖലയിലുള്ളത്. മേഘാവൃതം കൂടിയായ സാഹചര്യം കൂടി വന്നതോടെ കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റങ്ങളാണോ മറ്റേതെങ്കിലും രീതിയിലുള്ള രോഗബാധയാണോ കാക്കകൾ പെട്ടന്ന് വീണ് മരിക്കുന്നതിന് പിന്നിലെന്ന് വ്യക്തമാകാൻ പരിശോധനാഫലം വരണമെന്നും അധികൃതർ വിശദമാക്കി. പുനെ റീജിയണൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലേക്കാണ് കാക്കകളുടെ മൃതദേഹങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.