മാധ്യമപ്രവർത്തകർക്കെതിരെ 11 വരെ നടപടി പാടില്ല; എഡിറ്റേഴ്സ് ഗിൽഡിന് സുപ്രീം കോടതിയുടെ സംരക്ഷണം

news image
Sep 7, 2023, 2:22 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തെക്കുറിച്ചു വസ്തുതാന്വേഷണം നടത്തിയ മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കു സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു. മണിപ്പുർ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് നൽകിയ ഹർജി പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടപെടൽ. 2 എഫ്ഐആറുകളിൽ 11 വരെ നടപടിയുണ്ടാകാൻ പാടില്ലെന്നു നിർദേശിച്ച കോടതി, വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി.

സർക്കാർ എകപക്ഷീയമായി മെയ്തെയ് വിഭാഗത്തിനൊപ്പം നിന്നുവെന്നും ഇംഫാലിലെ മാധ്യമങ്ങൾ കുക്കികൾക്കെതിരെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നും ഗിൽഡിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് സീമ മുസ്തഫ, വസ്തുതാന്വേഷണസമിതി അംഗങ്ങളായ സീമ ഗുഹ, ഭരത് ഭൂഷൻ, സഞ്ജയ് കപൂർ എന്നിവർക്കെതിരെ കേസെടുത്തത്.

ഇതിനിടെ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയ്ക്കെതിരെ, മണിപ്പുർ സർക്കാർ നടത്തിയ പരാമർശങ്ങളെക്കുറിച്ചും എതിർപ്പുയർന്നു. സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തനിക്കെതിരായ ആക്രമണമാണെന്നും ജസ്റ്റിസ് ഗിത മിത്തൽ സമിതിക്കു വേണ്ടി ഹാജരാകുന്നതിൽ നിന്നു താൻ പിന്മാറുകയാണെന്നും മീനാക്ഷി അറോറ കോടതിയിൽ വ്യക്തമാക്കി.

മേറെയിൽ റോഡ് തടസ്സപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാൽ റേഷൻ പോലും ലഭിക്കാത്ത സാഹചര്യമുണ്ടെന്നും പല ദുരിതാശ്വാസ ക്യാംപുകളിലും ചിക്കൻപോക്സ് ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നുവെന്നും കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ മീനാക്ഷി അറോറ കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മറുപടിയിലാണു രണ്ട് ആരോപണങ്ങളും തള്ളിയ മണിപ്പുർ, സർക്കാർ അഭിഭാഷകയ്ക്കെതിരെ പരാമർശം നടത്തിയത്.

വിഷയത്തിൽ ഹാജരാകുന്ന അഭിഭാഷകരെ ഇതിൽനിന്ന് ഒഴിവാക്കാൻ ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ആയുധങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു തൽസ്ഥിതി റിപ്പോർട്ട് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe