തിരുവനന്തപുരം> സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ- ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന വാർത്തകൾ ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ തീർന്നുപോകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചത്. ആഗസ്ത് ആദ്യം പുതിയ സ്റ്റോക്ക് എത്തുന്നതോടെ എല്ലാ സാധനങ്ങളും ലഭ്യമാകും. റേഷൻ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുന്നവർ ബിൽ ചോദിച്ചു വാങ്ങാൻ മന്ത്രി പ്രത്യേക നിർദേശം നൽകി. ബിൽ ചോദിച്ചു വാങ്ങിയില്ലെങ്കിൽ അർഹതപ്പെട്ട അരിയും മറ്റ് സാധനങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
തൃശൂർ ജില്ലയിൽ ഇറച്ചി തൂക്കം കുറച്ചാണ് വിൽക്കുന്നതെന്ന പരാതി പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജൂലൈയിലെ ഫോൺ- ഇൻ പരിപാടിയാണ് ചൊവ്വാഴ്ച നടന്നത്.