മാഹി: ദേശീയപാത 66ൽ ധർമ്മടം-മാഹി ബൈപ്പാസിൽ മാഹി പാലത്തിന് സമീപം കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീപിടിച്ചു. കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രദീപൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 13 P 7227 രജിസ്ട്രേഷനിലുള്ള സാൻട്രോ കാറാണ് കത്തിയമർന്നത്.
വാഹനം ഓടിച്ചിരുന്ന പ്രദീപൻ്റെ മകൻ പ്രായാഗ് (20) നെ നാട്ടുകാർ പരിക്കുകളോടെ രക്ഷപ്പെടുത്തി തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് പ്രായാഗ് മാത്രമേ വാഹനത്തിനുള്ളിലുണ്ടായിരുന്നുള്ളൂ.
വടകര സ്റ്റേഷൻ ഓഫീസർ പി ഒ വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ദീപക് ആർ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) പി കെ റിനീഷ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ മനോജ് കിഴക്കേക്കര, സാരംഗ്,മുനീർ അബ്ദുള്ള , ഹോം ഗാർഡ് സുരേഷ് കെബി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. വടകര യൂണിറ്റിനൊപ്പം ലീഡിംഗ് ഫയർ മാൻ രഞ്ജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ മാഹി അഗ്നിശമന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.