മുക്കം ∙ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 11 മണിയോടെ മുക്കം -തിരുവമ്പാടി പാതയിൽ അഗസ്ത്യൻ മുഴി പാലത്തിന് സമീപം തൊണ്ടിമ്മൽ റോഡിലാണ് സംഭവം. മുക്കം പാറത്തോട് സ്വദേശിനി അർച്ചന മേരി ജോൺ മകനെ തൊണ്ടിമ്മൽ സ്കൂളിലെത്തിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ 9 വയസ്സ് പ്രായമുള്ള കുട്ടിയേയും എടുത്ത് കാറിൽ നിന്ന് ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി.
സംഭവമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. വാഹനത്തിന്റെ മുൻഭാഗം കത്തി നശിച്ചു. അപകടത്തെ തുടർന്ന് പാതയിൽ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പയസ് അഗസ്റ്റിൻ, സേനാംഗംങ്ങളായ എം.സി. സജിത്ത് ലാൽ, പി.ടി. ശ്രീജേഷ്, സി.പി. നിശാന്ത്, കെ.എസ്. ശരത്ത്, പി. നിയാസ്, എൻ.ടി. അനീഷ്, സി.എഫ്. ജോഷി, എം.എസ്. അഖിൽ, അശ്വന്ത് ലാൽ എന്നിവർ ചേർന്നാണ് തീയണച്ചത്.