കക്കോടി/ കോഴിക്കോട് > കോഴിക്കോട് മുക്കം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറെയും അമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. റെസ്ക്യൂ ഓഫീസറും ഡ്രൈവറുമായ കുരുവട്ടൂർ സ്വദേശി എഴുകളത്തിൽ ഷംജു (38) അമ്മ ശാന്ത (62) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.
ഷംജുവിനെ മുറ്റത്തെ മാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിലും അമ്മയെ വീട്ടിനകത്ത് കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. ചൊവ്വ രാവിലെയാണ് സംഭവം. 8.30 ഓടെ തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടുമുറ്റത്തിനരികിലൂടെ പോകുമ്പോഴാണ് ഷംജുവിനെ മാവിൻ മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത് . തുടർന്ന് പരിസരവാസികളെത്തി പരിശോധിച്ചപ്പോഴാണ് ശാന്തയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്.
നാല് വർഷമായി ശാന്ത കിടപ്പു രോഗിയാണ്. ഭർത്താവ് അപ്പുക്കുട്ടി അസുഖത്തെ തുടർന്ന് മകൾ ഷിംനക്കൊപ്പം അവരുടെ പന്നിക്കോട്ടൂരിലുള്ള വീട്ടിലാണ് താമസം. ഷംജു അവിവാഹിതനാണ്. ചേവായൂർ സിഐ, കോഴിക്കോട് അസി. കമ്മീഷണർ തുടങ്ങിയവർ വീട്ടിലെത്തി.
ഷംജുവിൻ്റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങളുടെ മരണത്തിൽ ആർക്കും പങ്കില്ലെന്നും ദീർഘകാലമായി കിടപ്പു രോഗിയായ അമ്മയുടെ അസുഖം കൂടിവരുന്നതിൽ മനോവിഷമമുണ്ടെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ചേവായൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.