മുക്കാളി ടൗണിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം: മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം

news image
Mar 6, 2026, 6:19 am GMT+0000 payyolionline.in

അഴിയൂർ: വർഷങ്ങളായി മുക്കാളി ടൗണിൽ അനുഭവപ്പെടുന്ന കടുത്ത വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും വ്യാപാരി സംഘടനകളുടെയും യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. ഏറാമല, അഴിയൂർ പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗം സംയുക്തമായാണ് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുക.

മുക്കാളി മണലോടി പാലം വഴി കുറിച്ചിക്കര ഭാഗത്തേക്ക് പോകുന്ന തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ടൗണിലെ വെള്ളക്കെട്ടിന് പ്രധാന കാരണം. മണ്ണും ചെളിയും പായലും നിറഞ്ഞ് സ്വാഭാവിക ഒഴുക്ക് നിലച്ച തോട് ശുചീകരിക്കാൻ യോഗം തീരുമാനിച്ചു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഇരു പഞ്ചായത്തുകളിലെയും ബന്ധപ്പെട്ട വാർഡുകൾ ചേർന്ന് തോട് വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും.

അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ. രമ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. കുഞ്ഞബ്ദുള്ള എന്നിവർക്ക് പുറമെ പ്രമോദ് മാട്ടാണ്ടി, പി.പി. ശ്രീധരൻ, പി. ബാബുരാജ്, കെ.പി. ജയകുമാർ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കൈപ്പാട്ടിൽ ശ്രീധരൻ, കെ.ടി. ദാമോദരൻ, ബാബു ഹരിപ്രസാദ്, പി.കെ. രാമചന്ദ്രൻ, കെ.എ. സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe