മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇടപാടിൽ, നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണം

news image
Dec 1, 2025, 8:28 am GMT+0000 payyolionline.in

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

 

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദില്ലിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. ഇഡി റിപ്പോർട്ട് അതോറിറ്റി പരിശോധിക്കും. മുഖ്യമന്ത്രി അടക്കം നാല് എതിർകക്ഷികളുടെ വാദം കേൾക്കും. ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഉത്തരിവിടാൻ കഴിയും എന്നതാണ് പ്രത്യേകത. അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഉത്തരവിട്ടാലും ഇതിനെ കിഫ്‌ബിക്ക് നിയമപരമായി ചോദ്യം ചെയ്യാനാവും. മൂന്നംഗ സമിതിയാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി. ഇഡിയുടെ ആരോപണം ശരിയാണോ എന്നാണ് സമിതി പരിശോധിക്കുക. ശരിയാണെന്ന് അതോറിറ്റി കണ്ടെത്തിയാൽ കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe