തിരുവനന്തപുരം: പ്ലീഡർ നിയമനത്തിൽ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ജിപി നിയമന വിവാദത്തിൽ കെഎസ്യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശങ്ങളിലാണ് വാക്പോര് തുടരുന്നത്. മുഖ്യമന്ത്രിയെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തി. കെഎസ്യു നേതൃത്വത്തെ അധിക്ഷേപിച്ചതിൽ മുഖ്യമന്ത്രി തിരുത്തണമെന്ന് ആവശ്യവും കോൺഗ്രസിൽ ഉയരുന്നുണ്ട്. സമരം ചെയ്തും ജയിലിൽ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്യുവിന് എതിരെ പറയാൻ കഴിയില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തുറന്നടിച്ചു. ജനങ്ങൾ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സർക്കാരാണെന്ന് ഓർക്കണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ മുന്നറിയിപ്പ്. അതേ സമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എം എൽ എയും രംഗത്ത് എത്തി.
മുഖ്യമന്ത്രി മുതൽ എല്ലാവരും വിദ്യാർഥി യൂണിയനിലൂടെ വന്നവരാണെന്നായിരുന്നു കോൺഗ്രസ് നോതാവ് ദീപ്തി മേരി വർഗീസിന്റെ പ്രതികരണം. ചുരുക്കം ഒന്നോ രണ്ടോ പേരാണ് അല്ലാതെ പാർട്ടിയുടെ തലപ്പത്ത് ഉള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. ജയിലിൽ കിടന്നും, സമരം ചെയ്തും, പ്രതിപക്ഷത്തിരുന്ന് പോരാടിയും വന്ന ഒരു നേതാവും കെഎസ്യുവിനെതിരെ പറയില്ലെന്നും പതികരണമുണ്ടായി. കെഎസ്യു പ്രസിഡന്റിനെ മുഖ്യമന്ത്രി കാണാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. കെഎസ്യുവിന്റെ അഭിപ്രായം എല്ലാകാലത്തും പാർട്ടി മുഖവിലക്ക് എടുത്തിട്ടുണ്ട്. കെഎസ്യു പാർട്ടിയിലെ തിരുത്തൽ ശക്തിയാണെന്നും കെഎസ്യു പ്രസിഡന്റിനെ കാണാതിരിക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കെഎസ്യു പരിഹാസ പരാമർശത്തിൽ പരസ്പരം പോരടിക്കലും കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായി. കെപിസിസി വക്താവ് വി ആർ അനൂപിനെതിരെ രൂക്ഷ വിമർശനവുമായി ബി ആർ എം ഷഫീർ രംഗത്ത് വന്നു. വി ആർ അനൂപ് കുമ്പിടി ആകേണ്ടെന്നായിരുന്നു ബിആർഎം ഷഫീറിന്റെ പരിഹാസം. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടു പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. വി ആർ അനൂപിന് ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ അവകാശമില്ലെന്നും ഷഫീറിന്റെ പ്രതികരണമുണ്ടായി.
മുഖ്യമന്ത്രിയുടെ കെഎസ്യു പരിഹാസ പരാമർശത്തിൽ പരസ്പരം പോരടിക്കലും കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായി. കെപിസിസി വക്താവ് വി ആർ അനൂപിനെതിരെ രൂക്ഷ വിമർശനവുമായി ബി ആർ എം ഷഫീർ രംഗത്ത് വന്നു. വി ആർ അനൂപ് കുമ്പിടി ആകേണ്ടെന്നായിരുന്നു ബിആർഎം ഷഫീറിന്റെ പരിഹാസം. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയവുമായി മുന്നോട്ടു പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. വി ആർ അനൂപിന് ചർച്ചകളിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ അവകാശമില്ലെന്നും ഷഫീറിന്റെ പ്രതികരണമുണ്ടായി.
അതേസമയം മുഖ്യമന്ത്രിക്ക് പിന്തുണയുമായാണ് മന്ത്രി എം ലിജു രംഗത്ത് വന്നത്. കെ എസ് യു ഞങ്ങളെല്ലാം വളർന്നു വന്ന സംഘടനയാണ്, കെ എസ് യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ തിരക്കുകൾ കൊണ്ടാകാം കെഎസ്യു പ്രസിഡന്റിനെ കാണാഞ്ഞതെന്നും വിശദീകരണമുണ്ടായി. മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ലെന്നായിരുന്നു കെ പി നൗഷാദലി എംഎൽഎയുടെ വാദം. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് മന്ത്രിസഭയാണ്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ നിയമപരമായി ഒരു തെറ്റുമില്ല മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിക്കുന്നവർ ഒറ്റപ്പെടുമെന്നും കെ പി നൗഷാദ് അലി പറഞ്ഞു. ഇത്തരം വിമർശനങ്ങൾ ഒരു ചലനവും ഉണ്ടാക്കില്ല. വിമർശിക്കുന്നവർ മലർന്നുകിടന്ന് തുപ്പുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയ ആത്മഹൂതിയാണ് ഇതിന്റെ പരിണിത ഫലമെന്നും മുന്നറിയിപ്പുണ്ടായി. ചില കോണുകളിൽ നിന്നും ഉണ്ടാകുന്ന ഈ അപസ്വരങ്ങൾ വികട സരസ്വതിയായി കാണാമെന്നും നൗഷാദലി പറഞ്ഞു.
അതിനിടെ ജിന്റോ ജോണിനെയും വി ആർ അനൂപിനെയും ചാനൽ ചർച്ചകളിൽ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാജു പി നായർ കെ പി സി സി പ്രസിഡന്റിന് പരാതി നൽകി. ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രതികരണങ്ങൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇവർ സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ കളങ്കപ്പെടുത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഈ സർക്കാർ അധികാരമേറ്റെടുത്ത നാൾ മുതൽ എതിരാളികളുടെ നാവായി മാറുന്ന പ്രതികരണങ്ങളാണ് ഇരുവരും നടത്തുന്നത്. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ഉപയോഗിച്ചതിനെ പോലും വക്രീകരിച്ചു. രണ്ട് മാസത്തിനിടെ നാലോളം വിഷയങ്ങളിൽ വിരുദ്ധ നിലപാടുകളുമായി ജിന്റോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വി ആർ അനൂപും സമാന തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിച്ചു. മാധ്യമ വാർത്തകൾക്ക് ആധികാരികത നൽകുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. സിപിഐഎമ്മിന്റെയും ബിജെപിയുടെയും ആരോപണങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനകൾ നടത്തുകയാണ് ഇവർ ചെയ്യുന്നുതെന്നും പലപ്പോഴും എതിർ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരകരായും ഇവർ മാറുന്നു എന്നും രാജു പി നായർ പരാതിയിൽ ആരോപിക്കുന്നു.
