മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ കെപിസിസി; പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നടപടിയെന്ന് മുന്നറിയിപ്പ്

news image
Apr 25, 2026, 9:57 am GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്ക് പൂട്ടിടാൻ കെപിസിസി. മുഖ്യമന്ത്രി ചർച്ചകൾ നിർത്തണമെന്ന് കെപിസിസി നിർദ്ദേശം നൽകി. പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും അധ്യക്ഷൻ നൽകി. മുഖ്യമന്ത്രി ചർച്ചകൾ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെപിസിസി നിലപാട്. മുഖ്യമന്ത്രി ചർച്ചകളിൽ പ്രവർത്തകർ അസംതൃപ്തരാണ്. ചർച്ചകൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചതായി അധ്യക്ഷൻ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് വലിയ രീതിയിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രി സ്ഥലത്തേക്ക് കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ പറഞ്ഞുകൊണ്ടാണ് പോര് കടുക്കുന്നത്. മൂന്നുപേരെയും പിന്തുണയ്ക്കുന്നവർ സോഷ്യൽ മീഡിയയിലും പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

മുഖ്യമന്ത്രി ചർച്ചയ്ക്കിടെ മുതിർന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്ററായ വിമല ബിനു അഡ്മിൻ ആയ ഗ്രൂപ്പിലാണ് മുതിർന്ന നേതാക്കളെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്. ഇതോടെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയൊഴിയാൻ ഹൈബി ഈഡൻ എംപി സന്നദ്ധത അറിയിച്ചിരുന്നു.

മുതിർന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നൽകിയത് വിമല ബിനുവാണെന്നാണ് ആരോപണം. കെ സുധാകരനെ അധിക്ഷേപിക്കുന്ന വിമല ബിനുവിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളായിരുന്നു പുറത്തുവന്നത്. വിമല ബിനുവായിരുന്നു ഇതിന്റെ അഡ്മിൻ.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപരമായ ചർച്ചകളായിരുന്നു എങ്കിൽ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നൽകിയ പരാതി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe