മുഡ ഭൂമി ഇടപാട് അഴിമതിക്കേസ്: സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം; 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം

news image
Sep 25, 2024, 10:59 am GMT+0000 payyolionline.in

ബെം​ഗളൂരു: മുഡ ഭൂമി ഇടപാട് അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.

ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. ഭൂമി കുംഭകോണത്തിൽ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്നേഹമയി കൃഷ്ണയും ആരോപിച്ചിരുന്നു.

തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാൽ 2004-ൽ മല്ലികാർജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സർക്കാരിൻ്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റർ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe