തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങൾക്ക് വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിൽ വീടുകൾ നിർമ്മിച്ചു നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെൻററ്റീവായും ULCCS നെ EPC കോൺട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നൽകി.
2021ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24. 276 കോടി രൂപ അനുവദിക്കും. ഇതിന് പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2,225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6,201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഏഴ് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കും. അത്തോളി സ്വദേശി ബഷീർ വി, അഷറഫ്, കിണാശേരി സ്വദേശി ജബ്ബാർ വി വി, തിരുവങ്ങൂർ സ്വദേശി വിനോദ് കെ എന്നിവരുടെ ആശ്രിതർക്കാണ് ധനസഹായം നൽകുന്നത്. കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അബ്ദുൽ ജലീൽ കെ പി എന്ന ആളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച മലപ്പുറം ഏറനാട് സ്വദേശി ഡാനിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കും. തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ മണൽ മൂടിയത് കാരണം മത്സ്യബന്ധത്തിന് പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നിരക്ക് പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകും. 2433 മത്സ്യത്തൊഴിലാളികൾക്ക് 91 ദിവസത്തെ തൊഴിൽ നഷ്ടത്തിനാണ് നഷ്ടപരിഹാരം നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നേരത്തെ അനുവദിച്ച തുകയിൽ ഫിഷറീസ് ഡയറക്ടറുടെ ടി എസ്സ് ബി അക്കൗണ്ടിൽ ശേഷിക്കുന്ന 6.6497 കോടി രൂപ കൂടാതെ 1,29,86,677 കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഷ്ടപരിഹാരം നൽകുന്നതിനായി അനുവദിക്കും.
