കേരളത്തിന്റെ വികസനത്തിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് എത്തുന്നതെന്ന് പറയുമ്പോഴും കേരളത്തെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കേന്ദ്രം ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ സഹായത്തിനായി കേരളം തുടർച്ചയായി അപേക്ഷകൾ നൽകിയിട്ടും, കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് കടുത്ത അവഗണനയുടേതാണ്. പുനരധിവാസ സഹായം വെട്ടിക്കുറച്ചതും, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ നിഷേധിച്ചതും, മറ്റ് സംസ്ഥാനങ്ങളോട് കാണിച്ച ഇളവ് കേരളത്തിന് നിഷേധിച്ചത് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ചൂരൽമല മുണ്ടക്കൈ ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17ന് ആണ്. തുടർന്ന്, പുനരധിവാസത്തിനായി വിശദമായ പിഡിഎന്‍എ റിപ്പോർട്ട് സമർപ്പിച്ചത് 2024 നവംബർ മാസത്തിലാണ്. പിഡിഎന്‍എ അനുസരിച്ച് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2,221 കോടി രൂപയായിരുന്നു. ഈ അപേക്ഷയിൽ തീരുമാനം വന്നത് 2025 ഒക്ടോബറിൽ മാത്രമാണ്. ഏതാണ്ട് ഒരു വർഷം കഴിഞ്ഞിട്ട്.
അനുവദിച്ചതാകട്ടെ കേവലം 260 കോടി രൂപയും. പുനരധിവാസത്തിനു വേണ്ടി വരുന്ന ചെലവിന്റെ 11 ശതമാനം മാത്രമാണ് ഈ തുക. ദേശീയ ദുരന്തപ്രതികരണനിധി വഴിയുള്ള സഹായം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ്. കേന്ദ്രത്തിന്റെ ഔദാര്യമല്ല. സംസ്ഥാനം നികുതി പിരിച്ചുകൊടുത്ത തുകയാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഈ സഹായം അകാരണമായി പിടിച്ചു വെക്കുകയാണ് കേന്ദ്രം ചെയ്തത്.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള യാതൊരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല എന്നുമാത്രമല്ല, വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് കേന്ദ്രം ഭേദഗതി ചെയ്ത് മുൻകാല പ്രാബല്യത്തോടെ ഒഴിവാക്കുകയും ചെയ്തു. 2024 ആഗസ്റ്റ് 17ന് ആദ്യ മെമ്മോറാണ്ടവും അതിനു ശേഷം 2024 നവംബര്‍ 13ന് പിഡിഎന്‍എ റിപ്പോര്‍ട്ടും സമർപ്പിക്കുന്ന രണ്ട് ഘട്ടങ്ങളിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 2025 മാർച്ചിലാണ് കേന്ദ്രസർക്കാർ ഭേദഗതി വരുത്തിയത്.
2025 മാർച്ച് 29ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കിക്കൊണ്ട് നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും നിയമം ഭേദഗതി ചെയ്തതിനാൽ ഇനി സഹായം നൽകാൻ കഴിയില്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു പറഞ്ഞുകൊണ്ട് മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകിയപ്പോഴാണ് ദുരന്തം ഉണ്ടായ കേരളത്തെ കേന്ദ്രം അവഗണിക്കുന്നത്. ദുരന്തത്തിൽ സഹായിക്കാൻ എത്തിയ സൈനികരുടെയും മറ്റും പണം കേന്ദ്രം ആവശ്യപ്പെടുന്ന നിലയും ഉണ്ടായി.
