തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം കൂടി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന തൃശൂർ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ ഞായറാഴ്ച മരിച്ചിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ടിന്റെ കരാറുകാരൻ സതീശൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹവും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ സതീശന് നൂറ് ശതമാനവും പൊള്ളലേറ്റിരുന്നു.
ഏപ്രിൽ 21ന് മൂന്നുമണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങൾ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തിൽ അന്ന് തന്നെ 13 പേർ കൊല്ലപ്പെട്ടിരുന്നു.
