മുനമ്പത്ത് 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചു; പ്രധാനമന്ത്രിയെ നേരിൽക്കണ്ട് നന്ദി പറയാൻ അവസരമൊരുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

news image
Apr 4, 2025, 12:23 pm GMT+0000 payyolionline.in

കൊച്ചി: മുനമ്പത്ത് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് സമരക്കാർ ഉൾപ്പെടെ 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചു. എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേർ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതൽ ആളുകൾ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാർ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങൾ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബിൽ പാസാക്കിയതിനു കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരിൽക്കണ്ടു നന്ദി പ്രകടിപ്പിക്കാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖർ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിൽ പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി  സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. സുരേഷ് ഗോപിയും ഈ ദിവസങ്ങളിൽ മുനമ്പത്ത് എത്തിയേക്കും. വഖഫ് ബിൽ പാസായെങ്കിലും റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്നും സമിതി പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe