ന്യൂഡല്‍ഹി> നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍. മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന് കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കി.
നിലവില്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് ജല കമ്മീഷന്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. 12മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 2011 ന് ശേഷം ആദ്യമായാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നത്.
മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കേന്ദ്ര ജല കമ്മീഷന്‍ സുരക്ഷകാര്യത്തില്‍ പരിശോധനയ്ക്ക് കേരളത്തിന് അനുമതി നല്‍കിയത്.
മുല്ലപ്പെരിയാറിലെ ജലവിതാനത്തെ സംബന്ധിച്ച ജല കമ്മീഷന്റ വാദങ്ങള്‍ തുടരുന്നതിനിടയിലും, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഈ അവശ്യവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ദുരന്തങ്ങള്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ശക്തി പകർന്നിരുന്നു. ഇതിന് തുടർച്ചയായാണ് കേന്ദ്ര ജല കമ്മീഷന്റെ തീരുമാനം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നിരുന്നു. അതേസമയം തമിഴ്‌നാടിന് അർഹതപ്പെട്ട ജലം കൊടുക്കണം എന്ന കാര്യത്തിലും ഉറച്ചു നിന്നു. ജലം നൽകുന്നതിനുള്ള ഉടമ്പടിയില്‍ നിന്നും കേരളം പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, ജലവിഭവ മന്ത്രി റോഷി അഗസ്തിനും വ്യക്തമാക്കിയിരുന്നു.