മുഴപ്പിലങ്ങാട്: എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞു. മുഴപ്പിലങ്ങാട് മഠം ജവാൻ റോഡിൽ പിലാച്ചേരി മസ്ജിദിന് സമീപം ഷിജിൽ വീട്ടിൽ സിറാജിന്റെ വീടിനു നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ആളപായമില്ല. ഇരുചക്രവാഹനത്തിന് കേടുപറ്റി. എടക്കാട് പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. മുഴപ്പിലങ്ങാട് യൂത്തിനടുത്തെ പ്രജീഷ് എന്ന മുത്തു, മൂർക്കോത്ത് മുക്കിലെ ഷിന്റോ സുരേഷ്, മഠത്തുംഭാഗത്തെ ദിലീപ് പാറായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം.വി. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന ഊർജിത അന്വേഷണത്തിലാണ് പ്രതികൾ വൈകീട്ടോടെ വലയിലായത്. തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. വീടിന്റെ ഒരു ഭാഗത്താണ് ബോംബ് തട്ടിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേടുപാടുണ്ടായി. ഞായറാഴ്ച മുഴപ്പിലങ്ങാട് ശ്രീകൂർമ്പ ക്ഷേത്ര താലപ്പൊലിയുടെ സമാപന ദിവസമായതിനാൽ റോഡിൽ വലിയ തിരക്കായിരുന്നു.
എസ്.ഡി.പി.ഐ പ്രവർത്തകനായ സിറാജിന് നേരെ സി.പി.എം പ്രവർത്തകൻ വധഭീഷണി മുഴക്കുകയും കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഈ സംഭവത്തിൽ സിറാജ് പൊലീസിൽ പരാതി നൽകിയിരുന്നു. സി.പി.എം പ്രവർത്തകർ ബൈക്കിലെത്തിയാണ് സ്റ്റീൽ ബോംബെറിഞ്ഞതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി.