നോയിഡ: മൂന്നംഗ കുടുംബത്തെ അഞ്ച് ദിവസം ഡിജിറ്റൽ അറസ്റ്റ് ചെയ്ത് തട്ടിപ്പുസംഘം കൈക്കലാക്കിയത് ഒരു കോടി രൂപ. നോയിഡ് സ്വദേശിയായ ചന്ദ്രഭൻ പലിവാൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
ഫെബ്രുവരി ഒന്നിനാണ് കുടുംബാംഗത്തിന് ആദ്യം തട്ടിപ്പ് കോൾ ലഭിച്ചത്. മുംബൈ സൈബർ ക്രൈം ബ്രാഞ്ചിൽ കേസുണ്ടെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) ബന്ധപ്പെടണമെന്നും അല്ലെങ്കിൽ സിം കാർഡ് ബ്ലോക്ക് ചെയ്യുമെന്നതടക്കം നടപടിയുണ്ടാകുമെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്.
പത്തുമിനിറ്റിന് ശേഷം ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഒരാൾ ചന്ദ്രഭന് വിഡിയോ കോൾ ചെയ്തു. കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രഭനെതിരെ വിവിധയിടങ്ങളിലായി 24 കേസുകളുണ്ടെന്നും സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞയാൾ പറഞ്ഞത്.
ഇതുവിശ്വസിച്ച ചന്ദ്രഭനെയും ഭാര്യയെയും മകളെയും സംഘം ഡിജിറ്റൽ അറസ്റ്റിൽ വെക്കുകയായിരുന്നു. 1.10 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടെന്ന് ചന്ദ്രഭൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.