ന്യൂഡൽഹി: തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് റസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. ഹരിദ്വാറിൽ ഇന്ന് വൈകീട്ട് ആറിന് മെഡലുകൾ ഗംഗയിൽ ഒഴുക്കും.
ഞങ്ങളുടെ കഴുത്തിൽ അലങ്കാരമായി കിടക്കുന്ന ഈ മെഡലുകൾക്ക് ഇനി അർഥമില്ല. അവ തിരിച്ചു നൽകുക എന്നത് ചിന്തിക്കുന്നതു പോലും എന്നെ കൊല്ലുന്നതിന് തുല്യമാണ്. എന്നാൽ ആത്മാഭിമാനം പണയം വെച്ചുള്ള ജീവിതം കൊണ്ട് എന്ത് കാര്യമാണുള്ളത്. – സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
ഈ മെഡലുകൾ ഞങ്ങൾ ആർക്കാണ് തിരിച്ചു നൽകേണ്ടതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. വനിതയായ പ്രസിഡന്റ് സമരം ചെയ്യുന്ന ഞങ്ങളിൽ നിന്ന് രണ്ടു കിലോമീറ്റർ അപ്പുറം ഇരുന്ന് അവർ ഇതെല്ലാം കാണുന്നു. പക്ഷേ, ഒന്നും മിണ്ടുന്നില്ല. – സാക്ഷി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് ഫോട്ടോ എടുക്കാൻ മാത്രമേ തങ്ങളുടെ ആവശ്യമുള്ളു. രാജ്യത്തിന്റെ പെൺമക്കൾ എന്നായിരുന്നു മോദി തങ്ങളെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പാർലമെന്റ് ഉദ്ഘാടനം ആയിരുന്നു അദ്ദേഹത്തിന്റെ പരിഗണന -സാക്ഷി പ്രസ്താവനയിൽ പറഞ്ഞു.