മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി ഉത്തരവിറക്കി സർക്കാർ

news image
Jun 6, 2026, 3:06 am GMT+0000 payyolionline.in

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ അടിമുടി മാറ്റം. മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാർക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും ആർഎംഒമാർക്കും മാറ്റമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ. ജയചന്ദ്രനെ സൂപ്രണ്ടായി നിയമിച്ചു. അനസ്‌തേഷ്യ വിഭാഗം പ്രൊഫസറായിരുന്നു ജയചന്ദ്രൻ. എറണാകുളം മെഡിക്കൽ കോളേജിൽ ഡോ. അനൂപ് ജോസഫിനെയും തൃശൂർ മെഡിക്കൽ കോളേജിൽ ഡോ. ലിജോ കൊല്ലനൂരിനെയും കോട്ടയം മെഡിക്കൽ കോളേജിൽ ഡോ. ടിഗ്ഗി തോമസിനെയും സൂപ്രണ്ടുമാരായി നിയമിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ ഡോ. ഹരീഷ് ചന്ദ്രനെയാമ് സൂപ്രണ്ടായി നിയമിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോ. ലക്ഷ്മിയെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോ. ശ്രീജയനെയും സൂപ്രണ്ടായി നിയമിച്ചു. ഉത്തരവ് ഉടൻ പ്രാബല്യത്തിലാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകൾക്കകമായിരുന്നു നടപടി. രണ്ട് പ്രിൻസിപ്പൽമാരുടെ പരാതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റാനുളള തീരുമാനം മരവിപ്പിച്ചത്. നടപടിയിൽ നിന്നുളള പിന്മാറ്റം രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് എന്നാണ് ആക്ഷേപം. ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. ഡോക്ടർ രഞ്ജു രവീന്ദ്രനെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി നിയമിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്ദു പി എസിനെ പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

ഡോ. അനുജ യു വിയെയാണ് വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ രാജിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡോ. അന്നപൂർണ്ണ വൈയെ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും ഡോ. ജയശ്രീയെ കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും നിയമിച്ചിരുന്നു. ഈ സ്ഥലംമാറ്റ ഉത്തരവാണ് മരവിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe